2016, ജൂൺ 14, ചൊവ്വാഴ്ച

ഹരിതാഭം ആ ഓര്‍മ്മകള്‍


ഓര്‍മ്മകള്‍ പച്ചപിടിച്ചു നില്‍ക്കുക, അതൊരു ഹൃദ്യമായ അനുഭവമത്രെ. പച്ചയും പച്ചപ്പും നിറഞ്ഞതാണ് ആ ഓര്‍മ്മകളെങ്കിലോ? കാലത്തിന്റെ വരണ്ട പാതകളില്‍ ഒരു കുളിര്‍തെന്നലായി വീശുന്ന ഊര്‍ജദായകമായ ചില സ്മൃതിചിത്രങ്ങള്‍. 1999 മുതല്‍ 2004 വരെ നീണ്ട മലപ്പട്ടം ഹൈസ്ക്കൂളിലെ അധ്യാപനജീവിതത്തിനിടയില്‍ പ്രകൃതിയെ കേട്ടറിയാനും തൊട്ടറിയാനും സര്‍വ്വോപരി അനുഭവിച്ചറിയാനും കഴിഞ്ഞ ചില അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലേക്കൊരു തിരിഞ്ഞുനോട്ടം മാത്രമാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം.
മിക്ക വിദ്യലയങ്ങളിലും പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ വഴിപാടുകളും ചൊല്ലിക്കൂട്ടലുകളുമാവുമ്പോള്‍ അവയൊക്കെ കൊണ്ടാടപ്പെടുന്ന ഈ വിദ്യാലയത്തിലേക്ക് അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീ സി വിശാലാക്ഷന്‍ മാസ്റ്റര്‍ രണ്ടാമതൊരിക്കല്‍കൂടി കടന്നുവരുന്നു. പരിസ്ഥിതി പ്രവര്‍ത്തനമെന്നത് ശീതീകരിച്ച മുറികളിലിരുന്ന് പണ്ഡിതന്‍മാര്‍ നടത്തേണ്ടതാണെന്ന ബോധമുണ്ടായിരുന്നവരായിരുന്നു ഞങ്ങളേറെയും. വരണ്ട സ്ക്കൂള്‍ ഗ്രൗണ്ടില്‍ തണല്‍ സൃഷ്ടിച്ച മാഷ് ചെടികളെയും പൂമ്പാറ്റകളെയും പേരുചൊല്ലി വിളിക്കുന്നതും പരിസ്ഥിതിപ്രശ്നങ്ങളെപ്പറ്റി വാതോരാതെ സംസാരിക്കുന്നതും ഞങ്ങള്‍ക്കാദ്യം കൗതുകമായിരുന്നു. പരിസ്ഥിതിക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ സജീവമായതോടെ ഞങ്ങള്‍ ഒരു കൂട്ടം അധ്യാപകര്‍ ഹരിത ബോധത്തിലേക്ക് ജ്ഞാനസ്നാനം ചെയ്യപ്പെടുകയായിരുന്നു. പുറം കണ്ണിനൊപ്പം അകക്കണ്ണും തുറന്നവരായി ഞങ്ങള്‍.
പഠനമെന്നത് നാലുചുവരുകള്‍ക്കുള്ളിലൊതുങ്ങിപ്പോവുകയും വിരസമായ കറുത്ത ബോര്‍ഡും വരണ്ടചോക്കുകഷണങ്ങളും പഠനോപകരണങ്ങളാവുകയും ചെയ്യുമ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നല്‍കിയ വ്യത്യസ്തത എടുത്തുപറയേണ്ടതാവുന്നു. കുരുന്നുകളുടെ അന്വേഷണത്വരയും നേതൃപാടവവും പുറത്തെത്തിച്ചു ആ പ്രവര്‍ത്തനങ്ങള്‍. പുസ്തകങ്ങളില്‍ വായിച്ചറിഞ്ഞ ഇരപിടിയന്‍ സസ്യങ്ങളെ സ്ക്കൂളിനു ചുറ്റുമുള്ള പാറപ്പരപ്പില്‍ നേരിട്ടുകണ്ടപ്പോള്‍, വെള്ളം നിറഞ്ഞ പാറക്കുഴികളില്‍ വര്‍ണ്ണമനോഹരങ്ങളായ തുമ്പികളുടെ കറുത്ത ഇത്തിരിപ്പോന്ന പുര്‍വ്വരൂപങ്ങളെ ദര്‍ശിച്ചപ്പോള്‍ അവരുടെ കണ്ണുകളില്‍ അമ്പരപ്പും ആഹ്ളാദവും ഒപ്പം ചാരിതാര്‍ത്ഥ്യവും. ജീവശാസ്ത്രം പഠിപ്പിക്കേണ്ടവനായ ഈ ഉള്ളവന്‍ അനേകവര്‍ഷത്തെ കലാലയ പഠനം കൊണ്ട് നേടിയെടുത്തത് ഇതിലെത്രയോ തുച്ഛം.
പത്രത്താളുകളില്‍ മാത്രം കേട്ടറിഞ്ഞ സൈലന്റ്‌വാലി താഴ്വരയുടെ നിശ്ശബ്ദതയിലേക്കൊരു തീര്‍ത്ഥയാത്രയെപ്പറ്റി സൂചിപ്പിച്ചപ്പോള്‍ എന്തിനും തയ്യാറായി നിഷ്ക്കളങ്കരായ കുട്ടികള്‍. അധ്യാപികമാര്‍ക്ക് ക്ഷാമം നേരിടുന്ന സ്ക്കൂളില്‍ അനുഗാമികളാവാന്‍ ആരുമില്ല. പക്ഷെ ഏതാനും കുട്ടികളുടെ അമ്മമാര്‍ തയ്യാര്‍. ലൈന്‍ബസ്സുകളില്‍ ഇറങ്ങിക്കയറി ലക്ഷ്യസ്ഥാനത്തേക്ക്. നിത്യ വിശുദ്ധയായ കുന്തിപ്പുഴയുടെ സ്ഫടികസമാന തീര്‍ത്ഥജലം കോരിക്കുടിക്കാതെ എന്ത് മനുഷ്യജന്മം. ആകാശം തൊടുന്ന ഉത്തുംഗഗോപുരമേറി ചുറ്റുമുള്ള മലനിരകളിലൊന്ന് കണ്ണോടിച്ചാല്‍ ഏത് പരുഷഹൃദയവും ഭൂമാതാവിനെ സ്നേഹിച്ചു പോകും. സൈലന്റ്‌വാലി ഉള്‍ക്കുളിരായി മനസ്സിലലിഞ്ഞു.
വിശാലാക്ഷന്‍മാസ്റ്റര്‍ മറ്റൊരു വിദ്യാലയത്തിലേക്ക് സ്ഥലം മാറിപ്പോയി. എങ്കിലും വര്‍ഷാവര്‍ഷം വനയാത്രയും പരിസ്ഥിതി ക്ളബ്ബ് പ്രവര്‍ത്തനവും ആവേശമായി,നിര്‍വൃതിയായി കുട്ടികള്‍ക്കും ഞങ്ങള്‍ ഒരു കൂട്ടം അധ്യാപകര്‍ക്കും. മുത്തങ്ങ വന്യജീവി സങ്കേതമായിരുന്നു അടുത്ത ഊഴം. കഥാപുസ്തകങ്ങളില്‍ നിന്നും ആനകളും മാനുകളും കരടിയും കാട്ടുനായ്ക്കളും കണ്ണെത്തും ദൂരെ ഇറങ്ങി വന്നപ്പോള്‍ പ്രകൃതിയുടെ വൈവിധ്യവും വൈശിഷ്ട്യവും ഞങ്ങളറിഞ്ഞു. ആനക്കൂട്ടത്തിന്റെ മുന്നിലകപ്പെട്ടതും ശ്വാസമടക്കി ഒഴിഞ്ഞുമാറിയതും ഇന്നലെയല്ലെ? ഭൂമിയുടെ അവകാശികള്‍ ആരെല്ലാമാണെന്ന് ഇതിലും ഭംഗിയായി എങ്ങിനെ മനസ്സിലാക്കാന്‍? കേരളവും തമിഴ്‌ നാടും കര്‍ണാടകവും അതിര‍ിടുന്ന വനാന്തര്‍ഭാഗത്തു വെച്ച് തിളങ്ങുന്ന കണ്ണുകളുള്ള ഒരു കുട്ടി ചോദിച്ചു,'കേരളത്തിന്റെ ആനകള്‍ തമിഴ്‌നാട്ടിലേക്കു പോയാല്‍ എന്തു ചെയ്യും മാഷേ?' ഭാഷയ്ക്കും സമുദായത്തിനും രാഷ്ട്രീയത്തിനും നദീജലത്തിനു പോലും തമ്മില്‍ത്തല്ലുന്ന മനുഷ്യമനസ്സാക്ഷിയെ പരിഹസിക്കുകയായിരുന്നില്ലേ ആ നിഷ്കളങ്ക ഹ‍‍ൃദയം‍. ആറളം വന്യജീവി സങ്കേതത്തിലുമെത്തി ‍‍ഞങ്ങളുടെ സംഘം. വനാന്തര്‍ഭാഗത്ത് മുളം കൂട്ടിലുള്ള അന്തിയുറക്കം ,പശ്ചാത്തല സംഗീതമായി ആനകളുടെ ചിന്നം വിളികളും മുളംകാടിളക്കലും. മലപ്പട്ടത്തെ പുണര്‍ന്നൊഴുകുന്ന വളപട്ടണം പുഴയുടെ ബാല്യരൂപമായ ചീങ്കണ്ണിപ്പുഴ. അതിന്റെ തീരത്തുകൂടെ അണിമുറിയാതൊഴുകുന്ന ആല്‍ബട്രോസ് ശലഭങ്ങള്‍ . അവ എവിടെ നിന്നു വരുന്നു? എങ്ങോട്ട് പോകുന്നു? നമ്മെപ്പോലെത്തന്നെ. ഇനിയും ഓര്‍മ്മകള്‍ ഏറെ .....അധ്യാപകര്‍ മാത്രമുള്ള ശിരുവാണി വനത്തിലെ സഹവാസം, സ്കൂളില്‍ സംഘടിപ്പിച്ച വിവിധങ്ങളായ വിജ്ഞാനപ്രദങ്ങളായ പരിസ്ഥിതി ക്ളബ്ബ് പ്രവര്‍ത്തനങ്ങള്‍, കേരളത്തിലെ പരിസ്ഥിതിരംഗത്തെ ആധികാരികശബ്ദങ്ങളില്‍ പ്രമുഖനായ ശിവപ്രസാദ് മാസ്റ്ററും കുട്ടികളുമൊത്തുള്ള സംവാദം- പാറപ്പരപ്പുകളില്‍ കൂടിയുള്ള യാത്ര, ശലഭ നിരീക്ഷകനായ വി സി ബാലകൃഷ്ണനും പൂമ്പാറ്റകളും കുട്ടികളുമായി ഒരു മുഴുദിനം, ഔഷധസസ്യങ്ങളെ തേടി കൃഷ്ണന്‍ മാസ്റ്ററുമൊത്തുള്ള പരിസരയാത്ര,...അങ്ങിനെ അവ ഓര്‍മ്മയുടെ അകത്തളങ്ങളില്‍ പ്രകാശം വിതറി പ്രശോഭിക്കുന്നു.
പ്രകൃതി എന്ന മഹാഗുരുനാഥന്റെ മുന്നില്‍ എല്ലാവരും ജിജ്ഞാസുക്കളായ ശിഷ്യരായിത്തീര്‍ന്ന എത്ര ദിനങ്ങള്‍. ഗുരുവും ശിഷ്യനും ഒന്നാവുന്ന അവസ്ഥ. ഒരുമിച്ച് ജീവിച്ച് സംവദിച്ച് ഉണ്ടുറങ്ങിയ ആ ദിനങ്ങള്‍ വിദ്യാഭ്യാസത്തെക്കുറിച്ച് പുതിയൊരവബോധം ഞങ്ങളില്‍ നിറച്ചു. വിദ്യാഭ്യാസമെന്നത് അറിയിക്കലല്ല അറിയലാണെന്ന ബോധം ,നിറക്കലല്ല കൊണ്ടാടലാണെന്ന ബോധം, പുല്ലും പുല്‍ച്ചാടിയും മരവും മരംകൊത്തിയും പുഴുവും പൂമ്പാറ്റയും ഒന്നാണെന്ന തിരിച്ചറിവ്. ഈ മനോഹര ഭൂമിയില്‍ സര്‍വ്വചരാചരങ്ങള്‍ക്കും നിശ്ചിതസ്ഥാനവും പ്രാധാന്യവും ഉണ്ടെന്ന തിരിച്ചറിവ്, അതുള്‍ക്കൊള്ളാനും കൈമാറാനുമുള്ള മനസ്സ്...ഒരു പക്ഷെ ഇതായിരിക്കും ഞങ്ങള്‍ അധ്യാപകരും അനുഗാമികളായെത്തിയ നിഷ്കളങ്കരായ കുട്ടികളും ഈ അനുഭവങ്ങളിലൂടെ ആര്‍ജിച്ചെടുത്തത്.


 
(മലപ്പട്ടം ഹയര്‍സെക്കന്ററി സ്ക്കൂള്‍ രജതജൂബിലി സ്മരണിക-2005)